തുറവൂർ: താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണം പ്രഹസനമെന്ന് ആരോപണമുയരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണം ഇതുവരെയും ആരംഭിക്കാത്തത് ദുരൂഹത ഉണ്ടാക്കുന്നെന്നാണ് ആരോപണം. ആശുപത്രിയുടെ പഴയ കെട്ടിടത്തിനു മുകളിൽ വേസ്റ്റ് സാധനങ്ങൾ സൂക്ഷിക്കാൻ നിർമിച്ച ടിൻ ഷീറ്റ് കൊണ്ടുള്ള കെട്ടിടത്തിലാണ് ലക്ഷക്കണക്കിനു രൂപയുടെ മരുന്നുകൾ സൂക്ഷിച്ചത്. ഇതാണ് കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ചത്. തീപിടിത്തമുണ്ടായപ്പോൾത്തന്നെ ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരേ വ്യാപക പ്രതിഷേധമുണ്ടായെങ്കിലും അതെല്ലാം യാതൊരു നടപടിയുമുണ്ടാകാതെ കെട്ടടങ്ങി.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ഇപ്പോഴിവർക്കും നിയന്ത്രിക്കാനാകാത്ത അവസ്ഥയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. ആശുപത്രിയിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്നു സംശയിക്കുന്നതായും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ ആവശ്യപ്പെട്ടു.
കോടിക്കണക്കിനു രൂപയുടെ അവശ്യ മരുന്നുകളാണ് കത്തിനശിച്ചത്. കോടിക്കണക്കിനു രൂപ മുടക്കി ആശുപത്രിയുടെ വികസനത്തിന്റെ പേരിൽ കെട്ടിടങ്ങൾ നിർമിച്ചു കൂടുന്നതല്ലാതെ മറ്റു യാതൊരുവിധ സൗകര്യങ്ങളും ഒരുക്കാത്ത അവസ്ഥയാണ്. വെറുമൊരു റഫറൽ ആശുപത്രിയായി മാത്രമാണ് താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത്.
ചേർത്തല താലൂക്കിലെ വടക്കൻ മേഖലയിലെ നൂറുകണക്കിന് രോഗികളുടെ ഏക ആശ്രയം കൂടിയാണിത്. ദിവസവും ആയിരത്തിലധികം രോഗികളാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്. ഇവർക്കു നൽകാനുള്ള സൗജന്യ മരുന്നുകളാണ് കത്തിനശിച്ചത്. എന്നിട്ടും യാതൊരുവിധ അന്വേഷണവും നടക്കാത്തതിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്.